Saturday, August 10, 2013


സ്നേഹത്തിന്റെ നിത്യത !

നിശബ്ദത ഒരലങ്കാരം പോലെ മനസ്സില്‍ തങ്ങി നിന്ന് നിരന്തരം ധ്യാനം ഉണ്ടാകുന്ന ഒരു നിശ്ചലതയാണ് എന്ന് ഞാനറിഞ്ഞു. ആ നിശ്ചലത അനിര്‍വചനീയമാം വണ്ണം ഒരേ സമയം ചൈതന്യവത്തും സൃഷ്ടിപരവും ചലനാത്മകവും തീവ്രവും എല്ലാ വേദനകളെയും സുഖപ്പെടുത്തുന്നതും, എല്ലാ ആശുദ്ധികളെയും വിമലീകരിക്കുന്നതും ആയിരുന്നു. ഉലയിലേക്ക് മന്ദമായി വീശിയ ഒരു കൊടുങ്കാറ്റുപോലെ ആയിരുന്നു അത് . ചാരം മൂടിക്കിടന്ന കനലുകളെ സ്ഫുടമാക്കുന്ന അത് എന്നിലേക്ക്‌ കടന്നു വന്നു. ഞാന്‍ എനിക്ക് ചുറ്റും പ്രപഞ്ചത്തിലേക്ക് വികസിച്ച പോലെ. ആകാശം പരിധിയല്ല എന്നും പരിധികള്‍ ഇല്ലാത്ത ഒന്നാണെന്നും അറിയാന്‍ മാത്രം അവബോധം വളര്‍ന്ന്, പരിധികള്‍ വിട്ട് ഒരു പൂര്‍ണ വൃത്തമായി എല്ലായിടത്തേക്കും ഒരു പോലെ വ്യാപിച്ചു. എന്റെ ഓര്‍മകളില്‍ നിന്ന് വേദനയുള്ള സ്മരണകള്‍ എല്ലാം തന്നെ എന്നെന്നേക്കുമായി ഒഴിഞ്ഞു പോയപോലെ. സ്വാതന്ത്ര്യം ഒരു സാന്ത്വനം പോലെ മൃദുലമായി ഉള്ളില്‍ നിറഞ്ഞു. പിന്നെ ലജ്ജയോ കുറ്റബോധമോ ഇല്ലായ്മകളോ അപകര്‍ഷതയോ ഭയങ്ങളോ ഒന്നും തന്നെ എന്നെ അലട്ടിയില്ല. ഇന്നലകളുടെ ഭാരങ്ങള്‍ എല്ലാം ഒഴിഞ്ഞു പോയി. ഇന്നോ ഭാരമില്ലാത്ത ഒരു തൂവല്‍ സ്പര്‍ശം പോലെ മാത്രം. ആരുടെയും ഒന്നിന്റെയും മുന്‍പില്‍ തല കുനിക്കേണ്ടാതായും തോന്നിയില്ല. എല്ലാം തന്നെയും എല്ലാവരും ഒരുപോലെ ഒരേ സമ ദൂരത്തിലും സമഭാവത്തിലും ആയി. ഉന്നതങ്ങളില്‍ നിന്നും താണിറങ്ങി ആവസിക്കുന്ന ഒരു മഹാരൂപി അവിടമാകെ വ്യാപിച്ചു. അത് ഒരേ സമയം ചൂടില്ലാത്ത അഗ്നിയും മന്ദമായി വീശുന്ന കൊടുങ്കാറ്റുമായിരുന്നു. എങ്കിലും ആ മൃദുലാഗ്നി എല്ലാ തിന്മകളെയും ദാഹിപ്പിക്കുന്നതും, ആ താഴ്ന്നു വ്യാപിച്ച കൊടുങ്കാറ്റ് ഹൃദയത്തിന്റെ കഠിനതയെ ബാഷ്പീകരിച്ചു അതിലോലമാക്കുന്നതും ആയിരുന്നു. സ്പടിക സമാനമായ ഒരു നിര്‍മലത ഉള്ളില്‍ നിറഞ്ഞു. മനസ്സില്‍ കുതൂഹലം നിറയ്ക്കുന്ന ഒരു നിഷ്ക്കളങ്കതയും പെയ്തിറങ്ങി. ഹൃദയം നിറയെ മന്ദഹാസവും. ഹൃദയത്തിന് മന്ദഹസിയ്ക്കാന്‍ ആവുമെന്നത് വിചിത്രമായി തോന്നി. ആസക്തികള്‍ കെട്ടടങ്ങി. ജീവിതം ഒരു ചിതയില്‍ നിന്നും ഉയിര്‍ത്ത് ഉജ്ജ്വലമായ പുനര്‍ജനിയുടെ ഇളം നാമ്പ് പോലെ വേഗം തളിര്‍ത്തു പൂവിട്ടു ഫലം ചൂടി ചെറിയ ഒരു സമയരഥചക്ര ചലനത്തിനുള്ളില്‍. ഇത്തിരി നേരം ഒത്തിരി നേരം പോലെയോ നിത്യത പോലെയോ തോന്നി. ഞാനെന്ന അവബോധം നഷ്ടപ്പെടാതെ അതിരുകള്‍ ഇല്ലാത്ത ഒരവബോധത്തിലേക്ക് മാറ്റപ്പെടുകയും അതിരുകള്‍ ഇല്ലാത്ത കലാതിശായിയായ ഒരതീതാവബോധം ഉന്നതങ്ങളില്‍ നിന്ന് വളരെ ശാന്തമായി അവിടമാകെയും എന്നിലും താഴോട്ടിറങ്ങി വ്യാപിച്ചു വിശുദ്ധീകരിച്ചു. എന്താണെന്ന് വ്യക്തവും പൂര്‍ണവും ആയ നിര്‍വചനം അസാധ്യമാണ് ഇപ്പോഴും. എങ്കിലും ഇപ്പോഴും അന്ന് ലഭിച്ച സ്വാതന്ത്ര്യത്തിന്റെ സാന്ത്വന ഭാവം ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ആത്മാവിനെ അതിമൃദുലമാക്കുന്ന അവികലമായ ആ ചൈതന്യധാര സജീവമായി ദുര്‍ഘട ഘട്ടങ്ങളില്‍ ഒരു നിറ നിലാവ് പോലെ എന്നും ആശ്വാസമായി ഒഴുകിയെത്തും. ആ അനുഭൂതി നിറഞ്ഞ നിശബ്ദതയ്ക്ക് ശേഷം, ജീവിതം തന്ന നിമിഷങ്ങള്‍ ഒക്കെ എനിക്ക് ധന്യമായി തോന്നി. ഓരോ പൂവും സുരഭിലവും ഓരോ ഫലങ്ങളും അതി മധുരമായും തോന്നി. ഇന്നലത്തെ ഓരോ വേദനകളും ഇന്ന് സുഖമുള്ള ഓരോ ഓര്‍മ്മകള്‍ ആയി രൂപാന്തരം പ്രാപിച്ചു. സ്നേഹം, അത് മാത്രമാണ് സ്ഥിരമായ കാലിക ചലനത്തിന്റെ പല്‍ച്ചക്രങ്ങളെ തിരിക്കുന്ന ചാലക ശക്തിയെന്ന വെളിപ്പാട് മറ്റെല്ലാ അറിവുകളെയും അതിശയിപ്പിക്കുന്നുണ്ട്. ഒരു വേള ഇടവേളയില്ലാതെ ആ മഹാ സ്നേഹ പ്രവാഹത്തില്‍ ലയിച്ചു ചേരലാണ് ഈ ജീവിതം എന്ന മഹാ പ്രഹേളികയുടെ ആത്യന്തിക ലക്‌ഷ്യം. ചിതലും ചിതയും ജീവിതത്തിനു തീര്‍പ്പ് കല്പിക്കുന്നില്ല. മറിച്ച് ജീവന്‍ നിര്‍മ്മലതയുടെ നിത്യവെളിച്ചത്തിലേക്ക് കണ്ണ് തുറക്കാന്‍ പോകുന്നതിന്റെ തുടക്കം മാത്രമാണ്.